National
പറ്റ്ന: ബിഹാറിൽ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ ഒരു വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന വമ്പൻ പ്രഖ്യാപനവുമായി ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. അധികാരമേറ്റു കഴിഞ്ഞാൽ ആദ്യത്തെ മന്ത്രിസഭായോഗത്തിൽ തന്നെ ഈ നിർദേശത്തിൽ ഒപ്പുവയ്ക്കും.
20 മാസത്തിനുള്ളിൽ സർക്കാർ ജോലിക്കാരില്ലാത്ത ഒരു വീടുപോലും ബിഹാറിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണിതെന്നും ഇനിയും പല പ്രഖ്യാപനങ്ങളും വരാനുണ്ടെന്നും തേജസ്വി വ്യക്തമാക്കി.
കഴിഞ്ഞ 20 വർഷമായി യുവാക്കൾക്കു ജോലി നൽകാൻ എൻഡിഎ സർക്കാരിനു കഴിഞ്ഞില്ല. താൻ സർക്കാരിന്റെ ഭാഗമായിരുന്ന ചെറിയ സമയത്ത് അഞ്ചുലക്ഷം പേർക്കാണു തൊഴിൽ നൽകിയത്.
എനിക്ക് അഞ്ചുവർഷം സമയം ലഭിച്ചാൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നിങ്ങൾ സങ്കൽപ്പിച്ചു നോക്കൂ. ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രമെ താൻ പറയൂ. ഇത് എന്റെ പ്രതിജ്ഞയാണെന്നും തേജസ്വി വ്യക്തമാക്കി.
National
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൻഡിഎ സഖ്യത്തിൽ ഭിന്നത. തങ്ങൾക്ക് 40 സീറ്റ് വേണമെന്ന് എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടതാണ് പുതിയ തർക്കത്തിനു കാരണം.
എന്നാൽ 25 സീറ്റുകളിൽ കൂടുതൽ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ചു സീറ്റുകളിലും തങ്ങളുടെ പാർട്ടി വിജയിച്ചു. അതിനാൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് എൽജെപി നേതൃത്വം വ്യക്തമാക്കി.
അതേസമയം ചിരാഗ് പാസ്വാൻ പ്രശാന്ത് കിഷോറുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. രാഷ്ട്രീയത്തില്‍ വാതിലുകള്‍ എപ്പോഴും തുറന്നുകിടക്കുകയാണ്. പ്രശാന്ത് കിഷോറുമായി സഖ്യം തള്ളിക്കളയനാവില്ലെന്നും ചിരാഗ് പാസ്വാൻ വ്യക്തമക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച എൽജെപിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. അനുനയ ശ്രമങ്ങളുടെ ഭാഗമായി രാജ്യസഭാ സീറ്റുകളും എംഎൽസി സീറ്റുകളും പാസ്വാന് എൻഡിഎ വാഗ്ദാനം ചെയ്തതായും വിവരമുണ്ട്.
National
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിലെ സീറ്റു വിഭജനം കീറാമുട്ടിയാകുന്നു. കോൺഗ്രസിന് പരമാവധി 55 സീറ്റുമാത്രമെ നൽകൂവെന്ന് അർജെഡി വ്യക്തമാക്കി. കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 ഇടങ്ങളിലെ വിജയിക്കാനായുള്ളൂ.
അതിനാൽ കഴിഞ്ഞ തവണത്തെപ്പോലെ ആർക്കും സീറ്റ് വാരിക്കോരി കൊടുക്കില്ലെന്ന് ആർജെഡി നേതൃത്വം വ്യക്തമാക്കി. അതേസമയം കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. മുതിർന്ന നേതാക്കളെ കളത്തിലിറക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
ആർജെഡിയുടെ ഓഫർ സിപിഐഎംഎൽ തള്ളി. തങ്ങൾക്ക് നാൽപ്പത് സീറ്റ് വേണമെന്നാണ് സിപിഐഎംഎല്ലിന്റെ ആവശ്യം. ഇത് അംഗീകരിക്കില്ലെന്ന് ആർജെഡി വ്യക്തമാക്കി.
National
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി നവംബർ ആറ്,11 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ നവംബർ 14ന് നടത്തുമെന്ന് മഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് ഗ്യാനേഷ് കുമാർ വ്യക്തമാക്കി.
ആകെ 7.43 കോടി വോട്ടർമാരുള്ളതിൽ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടും. 90,712 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലായിടത്തും വെബ്കാസ്റ്റിംഗ് സൗകര്യം ഒരുക്കും. 14 ലക്ഷം പുതിയ വോട്ടർമാരാണുള്ളത്.
243 അംഗ നിയമസഭയിലേക്ക് എൻഡിഎ - ഇന്ത്യാ മുന്നണികൾ നേർക്കുനേർ പോരാട്ടമാണ്. ബിജെപി, ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്തി പാർട്ടി എന്നിവരാണ് എൻഡിഎ സഖ്യത്തിലുള്ളത്. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും കന്നിയങ്കത്തിനിറങ്ങും. ബിജെപി (80), ജെഡിയു (45), ആർജെഡി (77), കോൺഗ്രസ് (19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിലേക്ക്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ വിവേക് ജോഷി, എസ്.എസ്. സന്ധു എന്നിവർ ദ്വിദിന സന്ദർശനത്തിനായി ഇന്ന് പാറ്റ്നയിലെത്തും.
243 അംഗ ബിഹാർ നിയമസഭയുടെ കാലാവധി അടുത്തമാസം 22 ന് അവസാനിക്കുകയാണു. വിവിധ ഘട്ടങ്ങളിലായി ഈ മാസം അവസാനവും അടുത്തമാസം ആദ്യവുമായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് ധാരണ.
തീയതി പ്രഖ്യാപിക്കും മുന്‍പുള്ള സംസ്ഥാനസന്ദർശനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴ്വഴക്കങ്ങളിലൊന്നാണ്.
National
ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ (67) സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ രാവിലെ പത്തിന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും രാഷ്ട്രപതി ഭവനിൽ എത്തിയിരുന്നു. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ചടങ്ങിൽ പങ്കെടുത്തു. അതേസമയം, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തില്ല.
ചൊവ്വാഴ്ച നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർഥി ബി. സുദർശൻ റെഡ്ഡിയെ 152 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സി.പി. രാധാകൃഷ്ണൻ വിജയിച്ചത്. ആകെ പോൾ ചെയ്തത് 767 വോട്ടുകളാണ്. ഇതിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ വിജയിച്ചത്. തമിഴ്നാട് തിരുപ്പൂർ സ്വദേശിയാണ് സി.പി. രാധാകൃഷ്ണൻ.
ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ രാജിവച്ചതിനാലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്.
National
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സ്ഥാനാർഥി സി.പി. രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദ, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും പത്രിക സമർപ്പണത്തിന് അദ്ദേഹത്തിനൊപ്പമെത്തിയിരുന്നു.
പ്രധാന പത്രികയ്ക്കൊപ്പം മൂന്ന് സെറ്റ് പത്രികകൂടി സി.പി. രാധാകൃഷ്ണന് സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയാണ് ആദ്യത്തെ പത്രിക വരണാധികാരിക്ക് സമര്‍പ്പിച്ചത്.
പത്രികാ സമർപ്പണത്തിനു മുമ്പ് അദ്ദേഹം പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധിയുടെ അടക്കമുള്ള നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്ന പ്രേരണാ സ്ഥലിലെത്തി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചിരുന്നു.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വസതിയിൽ നടന്ന എൻഡിഎ ഫ്ളോർ ലീഡർമാരുടെ പ്രധാനയോഗത്തിലാണ് സി.പി. രാധാകൃഷ്ണനെ നാമനിർദേശം ചെയ്യാനുള്ള തീരുമാനം ഏകകണ്ഠമായി എടുത്തത്.
മുതിർന്ന ബിജെപി നേതാവും ഇപ്പോഴത്തെ മേഘാലയ ഗവർണറുമായ രാധാകൃഷ്ണനു വിപുലമായ രാഷ്ട്രീയജീവിതമുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്ന അദ്ദേഹം, നിയമനിർമാണ വൈദഗ്ധ്യത്തിനും സാമൂഹിക ശാക്തീകരണത്തോടുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ടയാളാണ്.
അടുത്ത മാസമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. പാർലമെന്റിൽ എൻഡിഎയുടെ ഭൂരിപക്ഷം കണക്കിലെടുക്കുമ്പോൾ രാധാകൃഷ്ണനാണ് വിജയസാധ്യത.